- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്ഞാനപ്പാന പുരസ്കാരം വി മധുസൂദനൻ നായർക്ക്; പൂന്താനത്തിന്റെ ജന്മദിനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമ്മാനിക്കും
തൃശൂർ: 2023 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അദ്ധ്യാപകനുമായ പ്രൊഫ. വി മധുസൂദനൻ നായർക്ക്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം. പൂന്താനത്തിന്റെ ജന്മദിനമായ ഈ മാസം 24 ന് വൈകീട്ട് അഞ്ചിന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമ്മാനിക്കും.
കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിച്ചു.
ഭാരതീയ ആത്മീയ ദർശനങ്ങളുടെ അമൃതാനുഭവത്തെ അഗാധമായ ഭക്തി പ്രഹർഷവും ആത്മീയാനുഭൂതിയുമായി ആവിഷ്ക്കരിക്കുന്നവയാണ് മധുസൂദനൻ നായരുടെ കവിതകകളെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. പൂന്താനത്തിന്റെ പൂന്തേനായി വിശേഷിപ്പിക്കപ്പെടുന്ന ഭക്തി കാവ്യമായ ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നു.
ജി അരവിന്ദനാണ് ആദ്യ പുരസ്കാര ജേതാവ്. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ,ഡോ. എം ലീലാവതി, പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി, സി രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ചൊവ്വല്ലുർ കൃഷ്ണൻകുട്ടി, കെ ജയകുമാർ എന്നിവരാണ് നേരത്തെ പുരസ്കാരം നേടിയത്.