ആലപ്പുഴ: ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി സംഘർഷം. നാട്ടുകാരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ തടഞ്ഞു. പുലർച്ചെ നാലിന് നടന്ന സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉൾപ്പെടെ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കേസ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലാണ്.

മണ്ണെടുപ്പ് മൂലം പാറ്റൂർ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അപ്പീൽ നൽകിയത്. പുലർച്ചെയിലെ പ്രതിഷേധത്തിനുശേഷം രാവിലെ ഒമ്പതോടെയാണ് മാവേലിക്കര എംഎൽഎ എം.എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.

റോഡ് ഉപരോധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. എംഎ‍ൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവർക്കുനെരെ പെട്ടെന്ന് പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.