തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ആദ്യ സ്വദേശ് ദർശൻ വിനോദയാത്രാ തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി.). മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആദ്യയാത്ര.

തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ഡിസംബർ 10-ന് പുറപ്പെട്ട് പത്തു ദിവസത്തെ തീർത്ഥയാത്രയ്ക്കു ശേഷം ഡിസംബർ 20-ന് മടങ്ങിയെത്തും. യാത്രക്കാർക്ക് ഒഡീഷ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക നിർമ്മിതികളും സന്ദർശിക്കാനാകും.

കൊണാർക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്‌രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ ഈ യാത്രയിലൂടെ സന്ദർശിക്കാം.

സ്ലീപ്പർ ക്ലാസ് അല്ലെങ്കിൽ തേർഡ് എ.സി. ട്രെയിൻ യാത്ര, യാത്രകൾക്ക് വാഹനം, രാത്രി താമസങ്ങൾക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂർ എസ്‌കോർട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷുറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ബുക്ക് ചെയ്യുന്നവർക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽനിന്നും തീവണ്ടിയിൽ കയറാം. ടൂർ പാക്കേജ് നിരക്ക് 20,500 രൂപ മുതൽ.

ഇതിനു പുറമേ ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഗോൾഡൻ ട്രയാംഗിൾ പാക്കേജ് വിമാനയാത്ര നവംബർ 19-ന് കോഴിക്കോട് നിന്നും, ഡിസംബർ മൂന്നിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. ഇരുവശത്തേക്കും വിമാന ടിക്കറ്റുകൾ, ഭക്ഷണത്തോടൊപ്പം ഹോട്ടൽ താമസം, യാത്രകൾക്ക് എ.സി. വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു.