തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ നോർക്ക സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിൽ 297 നഴ്‌സുമാരെ തെരഞ്ഞെടുത്തു. ഇതിൽ 86 പേർ ഒഇടി യുകെ സ്‌കോർ നേടിയവരാണ്. മറ്റുള്ളവർ നാലുമാസത്തിനുള്ളിൽ യോഗ്യത നേടണം. ഒക്ടോബർ 10 മുതൽ 21 വരെ കൊച്ചിയിലും മംഗളൂരുവിലുമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്. യുകെയിൽനിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘമെത്തിയാണ് റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കിയത്. നോർക്കയുമായി സഹകരണം ഉണ്ടായി.

നോർക്ക -യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ് നവംബർ ആറുമുതൽ 10 വരെ കൊച്ചിയിൽ നടക്കും. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കാണ് നിയമനം. വിവിധ സ്‌പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടർമാർ, നഴ്‌സുമാർ (ഒഇടി/ഐഇഎൽടിഎസ് യുകെ സ്‌കോർ നേടിയവർക്കുമാത്രം), സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരം.

ഉദ്യോഗാർഥികൾ uknhs.norka@kerala.gov.in ഇ മെയിലിൽ ബയോഡാറ്റ, ഒഇടി/ഐഇഎൽടിഎസ് സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ വെബ്സൈറ്റ് (www.nifl.norkaroots.org) സന്ദർശിച്ചും അപേക്ഷ നൽകാം. റിക്രൂട്ട്‌മെന്റ് പൂർണമായും സൗജന്യമാണ്. വിവരങ്ങൾക്ക് 18004253939 (ഇന്ത്യയിൽനിന്ന്), +91 8802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സൗകര്യം), www.norkaroots.org, www.nifl.norkaroots.org-