കൊല്ലം: ട്രെയിനിൽവച്ച് കോളജ് വിദ്യാർത്ഥിനികളായ സഹോദരിമാർക്കു നേരെ അശ്ലീലപ്രദർശനം നടത്തിയ ആൾ പിടിയിൽ. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യം ചെയ്ത ശേഷം വൈകീട്ട് എഴുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു

കഴിഞ്ഞ ദിവസം നാഗർകോവിൽ - കോട്ടയം എക്സ്പ്രസിലാണ് സഹോദരിമാർക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സഹോദരിമാർക്കു നേരെയാണ് പ്രതി അശ്ലീല പ്രദർശനം നടത്തിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നു കയറിയ ഭിന്നശേഷിക്കാരനാണ് പ്രതി. ഇയാളുടെ ദൃശ്യങ്ങൾ പെൺകുട്ടികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് മനസ്സിലായതോടെ ഇയാൾ വർക്കലയിൽ ഇറങ്ങി പുറത്തേക്കു പോയെന്ന് പെൺകുട്ടികൾ വ്യക്തമാക്കി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.