തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ ഓണം അവധിക്ക് അടക്കും. നാളത്തെ ഓണാഘോഷങ്ങൾക്ക് ശേഷം വിദ്യാലയങ്ങൾ അടയ്ക്കുമെന്നും സെപ്റ്റംബർ 8ന് വീണ്ടും തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഏതെങ്കിലും വിഷയത്തിൽ 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, അടുത്ത മാസം രണ്ടാഴ്ചത്തെ പ്രത്യേക ക്ലാസുകൾ നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരി ഉപയോഗം തടയാനും ലക്ഷ്യമിട്ട് അധ്യാപകർക്ക് മൂന്നു തലങ്ങളിലായി കൗൺസിലിംഗ് പരിശീലനവും നൽകും. ഓണപ്പരീക്ഷകൾ അടുത്തിടെയാണ് പൂർത്തിയായത്. സ്കൂളുകൾ വീണ്ടും തുറന്ന് ഏഴു ദിവസത്തിനുള്ളിൽ പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കും.