തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് റേഷൻ കടകളിൽ എത്തിയില്ല. ഓണക്കിറ്റ് അതിവേഗം കൊടുത്തു തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.

മിൽമ ഉത്പന്നത്തിനുള്ള ക്ഷാമമാണ് കിറ്റുകൾ എത്താൻ വൈകുന്നതെന്നാണ് വിശദീകരണം. കിറ്റിലെ 13 ഇനങ്ങളിൽ മിൽമയിൽനിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇതുവരെ കിട്ടിയിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ മറ്റ് വഴികൾ നോക്കുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. കിറ്റുകളിലേക്ക് വേണ്ട സാധനങ്ങൾ മാവേലി സ്റ്റോറുകളിലെത്തിച്ച ശേഷം അവിടെനിന്ന് പായ്ക്ക് ചെയ്താണ് റേഷൻ കടകളിൽ എത്തിക്കുന്നത്.

എന്നാൽ ഇതുവരെ മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കാത്തതിനാൽ വെള്ളിയാഴ്ചയും കിറ്റ് വിതരണം നടത്താകുമോ എന്ന് അറിയില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്.