തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഭൂരിഭാഗം റേഷൻ കടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ മാത്രമാണ് കിറ്റ് വിതരണം ഭാഗികമായി തുടങ്ങി. നാളെ എല്ലാ ആർത്ഥത്തിലും ഓണക്കിറ്റ് സജീവമാകുമെന്നാണ് സർക്കാർ വിശദീകരണം.

ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച മുതൽ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. മിൽമ ഉത്പന്നത്തിനുള്ള ക്ഷാമമാണ് കിറ്റുകൾ എത്താൻ വൈകുന്നതെന്നാണ് വിശദീകരണം. കിറ്റിലെ 13 ഇനങ്ങളിൽ മിൽമയിൽനിന്ന് കിട്ടേണ്ട പായസക്കൂട്ട് പലയിടങ്ങളിലും ഇപ്പോഴും കിട്ടിയിട്ടില്ല. ചില സ്ഥലത്ത് കിറ്റ് ബാഗും കിട്ടിയിട്ടില്ലെന്ന് സൂചനയുണ്ട്.

കിറ്റുകളിലേക്ക് വേണ്ട സാധനങ്ങൾ മാവേലി സ്റ്റോറുകളിലെത്തിച്ച ശേഷം അവിടെനിന്ന് പായ്ക്ക് ചെയ്താണ് റേഷൻ കടകളിൽ എത്തിക്കുന്നത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം പരമാവധി ഇടങ്ങളിൽ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. തിങ്കളാഴ്ചകൊണ്ട് വിതരണം പൂർത്തിയാക്കുമെന്നും സപ്ലൈക്കോ അധികൃതർ വ്യക്തമാക്കി.