റാന്നി: പമ്പാനദിയില്‍ മൈലപ്ര സ്വദേശിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര മടുക്കമൂട്ടില്‍ ജെയ്‌സണ്‍ (48) ആണ് മരിച്ചത്. പമ്പാ നദിയിലെ അങ്ങാടി പള്ളിക്കയത്തില്‍നിന്നുമാണ് നദിയിലൂടെ ഒഴുകിയ ആളെ റാന്നി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രാവിലെ ഒമ്പതരയോടെ ഒരാള്‍ റാന്നി വലിയ പാലത്തില്‍ നിന്ന് ചാടിയതായി പോലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിക്കുകയായിരുന്നു. ഇവര്‍ പാലത്തിലെത്തിയപ്പോഴേക്കും നദിയില്‍ വീണയാള്‍ രക്ഷപ്പെട്ട് നദിയിലെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടന്നുനീങ്ങുന്നത് കണ്ടു.

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മരിച്ചജെയ്‌സണ്‍ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.