മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ഒരാൾക്കുകൂടി സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്ത് വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കുട്ടി നീന്തൽക്കുളത്തിൽ കുളിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വേനൽക്കാലമായതിനാൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ ചെളിയിലെ അമീബയുമായി സമ്പർക്കം പുലർത്താനുള്ള സാധ്യത കൂടുന്നു.

അതിനാൽ കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങുന്നവർ അതീവ ശ്രദ്ധ പുലർത്തണം. ശുദ്ധജല ടാങ്കുകൾ കൃത്യമായി വൃത്തിയാക്കണമെന്നും സ്വിമ്മിംഗ് പൂളുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇത്തരം ജലവുമായി സമ്പർക്കം പുലർത്തിയ ശേഷം കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചിരുന്നു. വേനൽക്കാലത്ത് രോഗം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ നടപടികൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.