- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ തട്ടിപ്പ് പണം കേരളത്തില്‍വെച്ച് തന്നെ ക്രിപ്റ്റോ കറന്‍സിയാകുന്നു; പിന്നില്‍ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം
ഓണ്‍ലൈന്‍ തട്ടിപ്പ് പണം കേരളത്തില്‍വെച്ച് തന്നെ ക്രിപ്റ്റോ കറന്‍സിയാകുന്നു; പിന്നില്‍ കൊടുവള്ളി സംഘം
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്നും തട്ടിയെടുക്കുന്ന പണം കേരളത്തില്‍ വെച്ചുതന്നെ ക്രിപ്റ്റോ കറന്‍സിയായി മാറുന്നു. ഇതിനു ശേഷം ഈ പണം വിദേശത്തെയും ഉത്തരേന്ത്യയിലെയും സംഘങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നില്‍. ഇവരെക്കുറിച്ചുള്ള വിവരം കേരള പോലീസിന്റെ സൈബര്‍ വിഭാഗം ശേഖരിക്കുകയാണ്. ഇടനിലക്കാരായിനിന്ന കൊടുവള്ളി സ്വദേശി അടക്കം മൂന്നുപേര്‍ കഴിഞ്ഞദിവസം തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ പിടിയിലായിരുന്നു.
അതേസമയം തട്ടിപ്പുകാരെക്കുറിച്ചോ ആര്‍ക്കാണ് ക്രിപ്റ്റോ കറന്‍സിയാക്കി നല്‍കുന്നതെന്നോ പിടിയിലായ ഇടനിലക്കാര്‍ക്കും അറിയില്ല. പട്ടം സ്വദേശിയില്‍നിന്ന് ആറുകോടി തട്ടിയ സംഭവത്തിലെ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വ്യാജ ഓഹരി വ്യാപാര ആപ്പുകളിലൂടെ തട്ടിയെടുത്ത പണം കേരളത്തിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. ഈ പണം കൊടുവള്ളിയിലെത്തിച്ചാണ് ക്രിപ്റ്റോ കറന്‍സിയാക്കിയത്.
മുന്‍പ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിക്കുന്നു. ഉടമകളില്‍നിന്ന് ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്കുവാങ്ങിയും വാടകയ്‌ക്കെടുത്തുമാണ് പണം മാറിയെടുക്കുന്നത്. കേരളത്തില്‍നിന്ന് നേരിട്ട് പണം ക്രിപ്റ്റോ കറന്‍സിയാക്കി നല്‍കുന്ന സംഘങ്ങള്‍ വന്നതോടെയാണ് ബാങ്ക് അക്കൗണ്ടുകളുടെ വില്‍പ്പനയും വാടകയ്‌ക്കെടുക്കലും വ്യാപകമായത്. അക്കൗണ്ടില്‍ വരുന്ന തുകയുടെ പത്തുശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഇവര്‍ക്ക് നല്‍കുന്നത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനംചെയ്ത് വീട്ടമ്മമാരടക്കമുള്ളവരെ തെറ്റിധരിപ്പിച്ച് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായും സംശയമുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെക്കൊണ്ട് പണം അയപ്പിക്കും. പിന്നീട് പല ഇടനിലക്കാരിലൂടെ കൈമറിഞ്ഞ് ഇത് ക്രിപ്റ്റോ കറന്‍സിയാക്കുന്ന സംഘങ്ങളുടെ കൈവശമെത്തും.