- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടു പോകും; യാത്ര പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തന്നെ; ചികിൽസാ ചെലവുകൾ കോൺഗ്രസ് വഹിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റും. എഐസിസി ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിലായിരിക്കും അദ്ദേഹത്തെ ബെംഗളൂരുവിലെത്തിക്കുക. ന്യുമോണിയ ഭേദമായി ആരോഗ്യ നില തൃപ്തികരമായ സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശാനുസരണം ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിനെ ബെംഗളൂരുവിലെത്തിക്കുന്നതിനായി ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയതായും കെ.സി വേണുഗോപാൽ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ തുടർ ചികിൽസയ്ക്ക് വിധേയനാക്കണമെന്ന കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനവും കെസി വേണുഗോപാൽ കുടുംബത്തെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ തുടർ ചികിൽസ അനിവാര്യമാണെന്ന് കെ മുരളീധരനും പ്രതികരിച്ചു. വിവാദം അപ്രസക്തമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായാൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന ബന്ധുക്കളുടെ ആരോപണം വ്യാജമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു മകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം ചികിത്സയ്ക്ക് കുടുംബം സഹകരിക്കുന്നില്ലയെന്നത് തെറ്റായ വാർത്തയാണെന്നും എല്ലാ മെഡിക്കല രേഖകളും തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ ചികിത്സാ വിവരങ്ങൾ പുറത്തുവിടുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കൂടാതെ വ്യാജപ്രചരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.