- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറശ്ശാല പൊൻവിളയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകർത്തത് ഡി വൈ എഫ് ഐ പ്രവർത്തകൻ; ഷൈജുവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു
തിരുവനന്തപുരം: പാറശ്ശാല പൊൻവിളയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകർത്തത് ഡി വൈ എഫ് ഐ പ്രവർത്തകൻ തന്നെ. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഡിവൈഎഫ്ഐ. പ്രവർത്തകനായ ഷൈജുവിനെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഡിവൈഎഫ് ഐയിൽ അടക്കം പ്രവർത്തിക്കുന്ന സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന ആളാണ് ഇയാളെന്നാണ് വിവരം.
ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ സ്ഥാപിച്ചാണ് പൊൻവിളയിൽ സ്മാരകം നിർമ്മിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ പ്രദേശത്തെ സിപിഎം, ഡിവൈഎഫ്ഐ. പ്രവർത്തകനായ യുവാവ് സ്മാരകത്തിലെ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ കല്ലെറിഞ്ഞു തകർത്തുവെന്നായിരുന്നു പരാതി.
ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തകർത്തതിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്റെ സ്മാരകവും അടിച്ചുതകർത്തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.



