കണ്ണൂർ: സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സതീശനെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പോരാട്ടങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന സതീശൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥയോടെ നിറവേറ്റി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന സതീശൻ യുവജന പ്രസ്ഥാനത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നിരുന്ന പൊതുപ്രവർത്തകനായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസ് പ്രസ്ഥാനത്തോട് എന്നും കൂറും വിശ്വാസവും കാട്ടിയ പൊതുപ്രവർത്തകൻ. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സതീശൻ നൽകിയ സംഭാവനകൾ വലുതാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരുടെയും ഹൃദയം കവർന്ന സതീശൻ മികച്ച സംഘാടകൻ കൂടിയായിരുന്നു. സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സതീശൻ പാച്ചേനിയുടെ അന്ത്യം. 54 വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.