തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ജയിലുകളിൽ കഴിയുന്ന സി പി എം പ്രദേശിക നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നൽകി രാഷ്ട്രീയ കൊലയാളികൾ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23-ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തരമായി റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കേരളത്തെ നടുക്കിയ ടി പി ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ട കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള നിയമസഭാ കണക്കനുസരിച്ച് 1861 രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സി പി എം- ആർ എസ് എസ് ക്രിമിനലുകളാണ്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമനത്തിന് പിന്നിൽ സി പി എം-ബിജെപി കൂട്ടുകെട്ടാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

ക്രമസമാധാനനില തകർത്തും ജനങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കിയും സംസ്ഥാനത്തെ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരയിൽ മുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ജനവിധി നിയമവിരുദ്ധമായ എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും മുഖ്യമന്ത്രിയും മനസിലാക്കണം. ഉത്തരവ് നടപ്പാക്കുമെന്ന വാശിയിലാണ് സർക്കാരെങ്കിൽ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് യു ഡി എഫ് ചെറുക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.