തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഞായാറാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലയില്‍ നിന്ന് മാറി താമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോട്ട്, വള്ളംം മത്സ്യബന്ധനം എന്നിവിക്ക് കടലില്‍ ഇറങ്ങരുതെന്നും ഐ.എന്‍.സി.ഒ.ഐ.എസ് അറിയിച്ചിട്ടുണ്ട്. വള്ളങ്ങള്‍ കെട്ടിയിടുമ്പോള്‍ സുരക്ഷിത അകലങ്ങള്‍ പാലിച്ചായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത് വള്ളങ്ങള്‍ കൂട്ടിയിടിച്ച് നശിക്കാനുള്ള സാധ്യത കുറയ്ക്കും. മത്സ്യബന്ധനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലയും ഉള്ളതിനാല്‍ കടലില്‍ ഇറങ്ങി വള്ളം കരയ്ക്ക് അടുപ്പിക്കുന്നതും അപകടം വിളിച്ചുവരുത്തും. അതുകൊണ്ട് കടലാക്രമണ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം. കാറ്റോ മഴയോ ഇല്ലാതെ തീര ഉയര്‍ന്നുപൊങ്ങും.

അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ ഇന്ന് വിവിധ ജില്ലകളില്‍ ഇടവിട്ട തോതില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.