പത്തനംതിട്ട: നിരവധി മയക്കു മരുന്നു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് നടപടികള്‍ക്ക് വിധേയനായി കരുതല്‍ തടങ്കലില്‍ കഴിയുന്നയാളുടെ വസ്തുവാകള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവ്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വിദേശനാണ്യ, കള്ളക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന പ്രത്യേകവിഭാഗമാണ് ആനപ്പാറ മൂലക്കല്‍ പുരയിടത്തില്‍ ഷാജഹാന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

ഷാജഹാനെതിരെ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച പിറ്റ് എന്‍ഡിപിഎസ് റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ഒമ്പതു മുതല്‍ ഒരു വര്‍ഷത്തേക്ക് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ഷാജഹാന്‍ ഉള്ളത്.

പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡ് 30 കിലോയിലധികം കഞ്ചാവുമായി പിടികൂടിയതുള്‍പ്പെടെ ഏഴോളം മയക്കുമരുന്ന് കേസുകളിലും അഞ്ചു ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നുകേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞു വരവേയാണ് ഇയാള്‍ക്കെതിരേ പിറ്റ് എന്‍ ഡി പി എസ് പ്രകാരമുള്ള നടപടി ഉത്തരവായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഷാജഹാന്‍ ജയില്‍മോചിതനായ ശേഷം കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

സാധാരണയായി വ്യാവസായിക അളവുകളിലുള്ള മയക്കുമരുന്നു കേസുകളില്‍പ്പെട്ട പ്രതികളുടെ വസ്തുവകകളാണ് ഇത്തരത്തില്‍ കണ്ടുകെട്ടാറുള്ളത്. ചെറിയ അളവുകളിലുള്ള മയക്കുമരുന്നു കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ പേരില്‍ പിറ്റ് എന്‍ ഡി പി എസ് പ്രകാരം കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിച്ചാല്‍ അത്തരക്കാര്‍ക്കെതിരേ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ ഡി പി എസ് നിയമത്തിലെ 68 എ (സി) വകുപ്പ് അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവായത്.

ജില്ലയില്‍ ചെറിയ മയക്കുമരുന്നുകേസുകളില്‍ ഉള്‍പ്പെടെ പിടിയിലാകുന്നവര്‍ക്കെതിരേ പിറ്റ് എന്‍ ഡി പി എസ് പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും ഇത്തരക്കാരുടെ സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.