- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവാവധി അവകാശം; സാധാരണ അവധികള്‍ പോലെ കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി: എറണാകുളം സ്വദേശിനിയായ ഡോക്ടറെ കോഴ്സില്‍ നിന്നും പുറത്താക്കരുതെന്ന് നിര്‍ദേശിച്ച് ഉത്തരവ്

കൊച്ചി: പ്രസവാവധി അവകാശമാണെന്നും അതിനെ സാധാരണ അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി. എറണാകുളം സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണം.
ഹര്‍ജിക്കാരി പഠനകാലയളവില്‍ പ്രസവാവധി എടുത്തു. ഇതിനുപിന്നാലെ രക്താര്‍ബുദത്തിന് ചികിത്സതേടേണ്ടിവന്നു. ഇതോടെ അവധി ഒരു വര്‍ഷത്തിലധികമായി. ഇതിനെത്തുടര്‍ന്ന് കോഴ്സ് തുടരാനാകില്ല എന്ന കാരണത്താല്‍ അവധി അപേക്ഷ നിഷേധിച്ചു. ഇതോടെ എറണാകുളം സ്വദേശിയായ വനിതാ ഡോക്ടര്‍ കോടതിയെസമീപിക്കുക ആയിരുന്നു. എം.ബി.ബി.എസിനും എം.ഡി.യ്ക്കും ശേഷം നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍.ബി.ഇ.എം.എസ്.) നടത്തുന്ന കോഴ്‌സിന് ചേര്‍ന്നിരുന്നു. പഠനകാലയളവില്‍ ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അവധിയെടുത്താല്‍ പഠനം തുടരാനാകില്ലെന്നാണ് ചട്ടം.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിക്ക് ഒരു വര്‍ഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് കോടതി വിലയിരുത്തി. 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാല്‍ സാധാരണ അവധിയായി കണക്കാക്കാനാകില്ല. അതിനാല്‍ ഹര്‍ജിക്കാരിയോട് വീണ്ടും അവധിക്കായി അപേക്ഷനല്‍കാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എന്‍.ബി.ഇ.എം.എസിന് നിര്‍ദേശം നല്‍കി. ഹര്‍ജിക്കാരിയെ കോഴ്‌സസില്‍നിന്ന് പുറത്താക്കരുതെന്നും നിര്‍ദേശിച്ചു.


