കോട്ടയം: വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് (23) ഇനി 7 പേർക്ക് പുതുജീവിതമാകുന്നു. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു. ഇതോടെയാണ് പലർക്കും പുതുജീവിതത്തിന് അവസരം ഒരുങ്ങുന്നത്.

തീവ്ര ദുഃഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിവൈഎഫ്ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേർക്ക് ജീവിതത്തിൽ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികൾക്ക് വേണ്ടി നന്ദിയുമറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവർത്തനങ്ങൾ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടർന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകി.

കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.