കാസർകോട്:ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്ന് സ്വർണമാല കവർന്ന ശേഷം മുക്കുപണ്ടമാല ചാർത്തി ക്ഷേത്ര പൂജാരി മുങ്ങിയതായി പരാതി.കാസർകോട് ഹൊസങ്കടിയിലെ ഒരു ക്ഷേത്രത്തിലാണ് ഒറിജിനലെടുത്തശേഷം ഡ്യൂപിക്കേറ്റ് മാല വിഗ്രഹത്തിലിട്ട് പൂജാരി കടന്നു കളഞ്ഞത്. ക്ഷേത്ര കമ്മിറ്റി താൽക്കാലികമായി നിയമിച്ചി തിരുവനന്തപുരം സ്വദേശിയായ പൂജാരിയാണ് മാല മോഷ്ടിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പൂജാരി അവസാനമായി ക്ഷേത്രത്തിലുണ്ടായിരുന്ന ദിവസം ക്ഷേത്ര വാതിൽ പൂട്ടി താക്കോൽ വാതിലിനു സമീപം വെച്ച നിലയിലായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്ന വിവരമാണ് ലഭിച്ചത്.

പൂജാരി താമസിക്കുന്ന വാടക വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.മറ്റൊരു പൂജാരിയെ കൊണ്ടുവന്ന് പൂജാകർമ്മം നടത്തുന്നതിനിടെയാണ് വിഗ്രഹത്തിലെ മാല തിളങ്ങുന്നതു കണ്ടത്.തുടർന്ന പൂജാരി ക്ഷേത്ര കമ്മിറ്റിയോട് മാല പുതിയതാണോ എന്ന് തിരക്കുകയായിരുന്നു.സംശയം തോന്നി സ്വർണപണിക്കാരനെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടമാണെന്ന് മനസ്സിലായത്.സ്വർണമാല കവർന്നതാണെന്ന് മനസിലായതോടെ കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.പൂജാരിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.