തിരുവനന്തപുരം: കൈകാലുകൾ വെട്ടി മാറ്റി ദാരുണമായി കൊലപ്പെടുത്തി കാൽ അര കി.മി. ദൂരെയെറിഞ്ഞ പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതിയും ജയിലറക്കുള്ളിൽ കഴിഞ്ഞ് ഗുണ്ടാപ്രവർത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്നതായും ആരോപണമുള്ള കൊടും കുറ്റവാളി ഒട്ടകം രാജേഷിന് ചിറയിൻകീഴ് കഞ്ചാവ് കടത്ത് കേസിൽ ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്.

നവംബർ 11 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 1 മുതൽ 3 വരെ പ്രതികളായ ചിറയിൻകീഴ് അഴൂർ സ്വദേശി ഒട്ടകം രാജേഷ് എന്ന രാജേഷ് (35) , ഊരു പൊയ്ക സ്വദേശി കുരിയൻ എന്ന വിനീത് (28) , മേൽ തോന്നക്കൽ സ്വദേശി മണിക്കുട്ടൻ എന്ന പ്രതീഷ്(23) എന്നിവരാണ് ഹാജരാകേണ്ടത്. ഒട്ടകം രാജേഷ് പോത്തൻകോട് സുധീഷ് കൊലക്കേസിൽ ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളിൽ കഴിയുന്നതിനാലാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്.

2019 ഫെബ്രുവരി 21 ന് ചിറയിൻകീഴിൽ 1.100 കിലോ ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ രാജേഷ് സ്വയം നിർമ്മിച്ച 5 നാടൻ ബോംബുകളും വെട്ടുകത്തിയുമായി ആറ്റിങ്ങൽ എക്‌സൈസ് പിടിയിലായ കേസിലാണ് കോടതി ഉത്തരവ്. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസിൽ എക്‌സൈസ് പിടിയിലായത്.

യുവാവിന്റെ കൈകാലുകൾ വെട്ടി മാറ്റി കാൽ അര കി. മി. ദൂരെ ബൈക്കിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരൻ ഒട്ടകം രാജേഷിന് ചിറയിൻകീഴ് കൂട്ടായ്മ കവർച്ച കേസിലും കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.