തിരുവനന്തപുരം: കൈകാലുകൾ വെട്ടി മാറ്റി ദാരുണമായി കൊലപ്പെടുത്തി കാൽ അര കി.മി. ബൈക്കിൽ കൊണ്ടുപോയി എറിഞ്ഞ പോത്തൻകോട് സുധീഷ് കൊലക്കേസ് സൂത്രധാരനായ മുഖ്യ പ്രതിയും ജയിലറക്കുള്ളിൽ കഴിഞ്ഞ് ഗുണ്ടാ പ്രവർത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്നതായും ആരോപണമുള്ള കൊടും കുറ്റവാളി ഒട്ടകം രാജേഷിന് 2009 ലെ മംഗലപുരം കൊലക്കേസിൽ നൽകിയ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് രാജേഷിന്റെ ജാമ്യം റദ്ദാക്കിയത്.

മംഗലപുരം കൊലക്കേസിൽ പ്രതിയെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ ഉത്തരവിട്ട ജഡ്ജി ജി.രാജേഷ് പ്രതിയെയും കൂട്ടാളികളെയും വിചാരണ ചെയ്യാൻ വിചാരണ തീയതികളും ഷെഡ്യൂൾ ചെയ്തു. 2024 ജനുവരി 1 മുതൽ ജനുവരി 9 വരെയായി 38 സാക്ഷികളെ വിസ്തരിക്കാനും ഉത്തരവിട്ടു. ജനുവരി 1 ന് ആദ്യ മൂന്നു സാക്ഷികൾ ഹാജരാകാൻ സമൻസുത്തരവ് പുറപ്പെടുവിച്ച കോടതി സാക്ഷികളെ ഹാജരാക്കാൻ മംഗലപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകി.

സമാന കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് ജാമ്യം റദ്ദാക്കിയത്. 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസിൽ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെയും 2 കൂട്ടാളികളെയുമാണ് വിചാരണ ചെയ്യുന്നത്. രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ രാജേഷ് , തീർത്ഥം തട്ടി ബിനു എന്ന വിനു , വിനോദ് എന്നിവരാണ് ഈ കേസിലെ ഒട്ടകത്തിന്റെ കൂട്ടു പ്രതികൾ. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയിരുന്നു. ലാലു കൊലക്കേസിലെ ഒന്നാം പ്രതി വിനോദ് 2017 ൽ മരണപ്പെട്ടു.

2020 ജനുവരി 13 മുതൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടുത്തരവുണ്ടായിട്ടും ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതാണ് 2021 ഡിസംബർ 11 ന് പട്ടാപ്പകൽ നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസടക്കം അനവധി ക്രൈം കേസുകൾ ചെയ്യാൻ രാജേഷിന് പ്രചോദനമായത്.