കണ്ണൂർ: 'മിത്ത്' വിവാദത്തിൽ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്ന് പി ജയരാജൻ. സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ജി സുകുമാരൻ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരു മലക്കം മറിച്ചിലുമില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജനും ഇന്ന് വ്യക്തമാക്കിയിരുന്നു. മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. അല്ലാതെ മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ലെന്നു ജയരാജൻ ചൂണ്ടിക്കാട്ടി. മതങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ല. ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്നു പറയുന്നതിലൂടെ സുരേന്ദ്രൻ പുറത്തുവിടുന്ന ആശയം, മതത്തെയും വിശ്വാസത്തെയും വോട്ടിനുവേണ്ടി രാഷ്ട്രീയവൽക്കരിക്കുന്ന ഹീനമായ തന്ത്രമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

'മിത്ത്' വിവാദത്തിൽ സിപിഎം തിരുത്തിയില്ലെന്ന് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്പീക്കർ പറഞ്ഞത് വളരെ വ്യക്തമാണ്. മതവിശ്വാസത്തിനെതിരായി സ്പീക്കർ എഎൻ ഷംസീർ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കർ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ്. സ്പീക്കറുടെപേര് നാഥൂറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നെന്നും റിയാസ് പറഞ്ഞു. ലോകസ്ഭാ തെരഞ്ഞടുപ്പിന് ഇത് നല്ലൊരു അവസരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞ കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. വളരെ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിൽ സാമുദായിക മതധ്രൂവീകരണമാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും റിയാസ് പറഞ്ഞു.

അതേസമയം, സ്പീക്കറുടെ 'മിത്ത്' പരാമർശത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ എൻഎസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. പരാമർശത്തിൽ സ്പീക്കർ ഖേദം നടത്തണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് എൻഎസ്എസ്. തുടർസമരരീതികൾ നാളത്തെ യോഗത്തിൽ തീരുമാനമാകുമെന്നാണ് വിവരം.