- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ: ആളുമാറി ജപ്തിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി; കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതി; പൊലീസിലുള്ളത് പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും രണ്ട് പ്രസ്ഥാനങ്ങളാണെന്ന പ്രാഥമിക വിവരം പോലും ഇല്ലാത്തവരെന്നും വിമർശനം
മലപ്പുറം: പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ ജപ്തി നടപടികളിൽ ആളുമാറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതിയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നിരപരാധികളുടെ മേൽ കുതിരകയറുന്ന പൊലീസ് നയം വെച്ചു പൊറുപ്പിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പൊലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പൊലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല.
കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല. പോപ്പുലർ ഫ്രണ്ടും, മുസ്ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പൊലീസിലുള്ളത് ?
പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പൊലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിത് ?
പൊലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പോപുലർ ഫ്രണ്ട് നേതാവിന്റെ വീടും ഭൂമിയും ജപ്തി ചെയ്യുന്നതിനു പകരം മുസ്ലിം ലീഗ് ജനപ്രതിനിധിയുടെ 16 സെന്റ് ഭൂമിയും ഇതിലുള്ള വീടുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ ജപ്തി ചെയ്തത്. മലപ്പുറം എടരിക്കോട് അഞ്ചാം വാർഡ് അംഗം ചെട്ടിയാൻതൊടി മുഹമ്മദിന്റെ മകൻ സി.ടി. അഷ്റഫിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ചത്.
പോപുലർ ഫ്രണ്ട് പ്രവർത്തകനായ ചെട്ടിയാൻതൊടി ബീരാന്റെ മകൻ സി.ടി. അഷ്റഫിനെതിരായ നടപടിയാണ് ആളുമാറിയത്.. നേരത്തേ അഞ്ചാം വാർഡിൽ സ്റ്റൂൾ ചിഹ്നത്തിൽ സി.ടി. അഷ്റഫിനെതിരെ അപരനായി മത്സരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ പേരുകൾ മാത്രമാണ് ഇരുവരും തമ്മിൽ വ്യത്യാസമുള്ളത്. അഷ്റഫ് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പാർട്ടി പരിപാടികളിലോ ഒന്നും പങ്കെടുത്തിട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഷ്റഫ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് എടരിക്കോട് വില്ലേജ് ഓഫിസറും മറ്റു ഉദ്യോഗസ്ഥരും താണുക്കുണ്ടിലെ വീട്ടിൽ എത്തുന്നത്. തുടർന്ന് ഭൂമിയുടെ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട് ജപ്തി ചെയ്യുന്ന നടപടികൾ സ്വീകരിക്കുകയാണെന്ന് അറിയിച്ചു. ആളുമാറിയതാണെന്നറിയിച്ചിട്ടും നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഉദ്യോഗസ്ഥർ. ശനിയാഴ്ച രാവിലെ വീണ്ടുമെത്തിയാണ് അധികൃതർ നോട്ടീസ് പതിപ്പിച്ചത്. അങ്ങാടിപ്പുറത്ത് 2021ൽ കൈമാറ്റം ചെയ്ത വസ്തു ജപ്തി ചെയ്തുവെന്നും പരാതിയുണ്ട്.