തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പു പറയാമെന്നും എന്നാൽ മതമലേധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. സജി ചെറിയാന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ''മതമലേധ്യക്ഷന്മാർ ചെയ്യുന്ന കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു പല അഭിപ്രായങ്ങളുമുണ്ടാകും. അഭിപ്രായങ്ങൾ പറയാം. അതിന് ആർക്കും വിരോധമില്ല. പക്ഷേ അപഹസിക്കുന്നതു മോശമാണ്. മതമലേധ്യക്ഷന്മാർക്കു വിഷമം ഉണ്ടാക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല''കുഞ്ഞാലിക്കട്ടി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ''അയോധ്യ വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സന്ദർഭമാണിത്. ആരാധനയും മറ്റു കാര്യങ്ങളും എല്ലാവരും ബഹുമാനിക്കുന്നു. എന്നാൽ അതിനെ രാഷ്ട്രീയവത്കരിച്ചു തിരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി മാറ്റുന്നതിനെയാണു മതേതര കക്ഷികൾ എതിർക്കുന്നത്. കോൺഗ്രസും എല്ലാ മതേതര കക്ഷികളും അതിനോട് വിയോജിപ്പ് അറിയിക്കുന്നുണ്ട്. ബിജെപി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിന് ഇന്ത്യ മുന്നണിയിലെ കക്ഷികൾ എതിരാണ്'' കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.