ന്യൂഡൽഹി: നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്.

ഇന്നസെന്റിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുസ്മരണം അറിയിച്ചിരുന്നു. അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും രാഹുൽ പറഞ്ഞു.

രാവിലെ ആരംഭിച്ച കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിച്ചു. മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മന്ത്രി കെ രാജൻ, ആർ ബിന്ദു, പി രാജീവ്, എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ നടന് ആദരാഞ്ജലി അർപ്പിക്കുവാൻ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നത്.