കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കെതിരെ തീവെട്ടിക്കൊള്ളയുമായി രംഗത്തിറങ്ങിയ ഡോക്ടർമാരെ പൂട്ടാൻ ജില്ലാപഞ്ചായത്ത് രംഗത്തിറങ്ങി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി രണ്ടു ഡോക്ടർമാർ ഏജന്റുമാർ മുഖേനെപണം വാങ്ങുന്നുവെന്ന കണ്ണൂർ വിഷനെന്ന പ്രാദേശിക ചാനൽ വാർത്തയെ അടിസ്ഥാനമാക്കി ആരോഗ്യമന്ത്രിക്ക് ഇതേ കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കത്തുനൽകുമെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യകണ്ണൂർ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ പറഞ്ഞു.

ആരോഗ്യ ഇൻഷൂറൻസുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി ഒറ്റപൈസയും അടയ്ക്കേണ്ടതില്ല. ഏജന്റുമാർക്ക് രോഗികളും കൂട്ടിരിപ്പുകാരും പണം നൽകരുതെന്നും ഇത്തരം അനുഭവമുണ്ടായാൽ പരാതിപ്പെടണമെന്നും ആരും ഒളിച്ചുവയ്ക്കരുതെന്നും പി.പി ദിവ്യ പറഞ്ഞു.

ആരോഗ്യ ഇൻഷൂറൻസിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു ആശുപത്രിയിൽ അഡ്‌മിറ്റായ കണ്ണാടിപറമ്പിലെ ലോട്ടറി വിൽപനക്കാരന്റെ മുട്ടുമാറ്റ ശസ്ത്രക്രിയക്കു വേണ്ടി അത്യാധൂനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി മുപ്പതിനായിരം രൂപയും മറ്റൊരു അഡ്‌മിറ്റായ രോഗിയിൽ നിന്നും ശസ്ത്രക്രിയക്കായി എട്ടായിരം രൂപയും ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ ഏജന്റുമാർ മുഖേനെപണം വാങ്ങിയിരുന്നു. എന്നാൽ ലോട്ടറി വിൽപനക്കാരനിൽ നിന്നും പണംവാങ്ങിയത് വിവാദമായതിന് തുടർന്ന് പണം തിരികെ നൽകി തടിയൂരുകയായിരുന്നു.

പ്രാദേശിക ചാനൽ വാർത്ത നൽകിയതിനെ തുടർന്നാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വ്യാപകമായി അഡ്‌മിറ്റായ സാധാരണക്കാരായ രോഗികളിൽ നിന്നുംഡോക്ടർമാർ വളഞ്ഞ വഴിയിലൂടെ ഏജന്റുമാരെ വെച്ചു കൈക്കൂലി വാങ്ങുന്ന വിവരം പുറത്തുവന്നത്. നേരത്തെ തലശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാശുപത്രി എന്നിവടങ്ങളിലെ ഗൈനക്കോളജി ഡോക്ടർമാർ സിസേറിയൻ വേണ്ടിവരുന്ന രോഗികളുടെ ബന്ധുക്കളിൽ നിന്നും നേരിട്ടു വ്യാപകമായ കൈക്കൂലി വാങ്ങിയത് വിവാദമായിരുന്നു.വിജിലൻസും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെ ഇവർ അൽപ്പമൊന്നു ഒതുങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ടെന്നാണ് വിവരം. ഇപ്പോൾ ഏജന്റുമാർ മുഖേനെ ഗൂഗിൾ പേ അക്കൗണ്ടു വഴിയാണ് വാങ്ങുന്നതെന്നാണ് രോഗികൾ നൽകുന്ന സൂചന.

എന്നാൽ ആരോഗ്യ ഇൻഷൂറൻസുള്ള രോഗികളായആരോടും അനധികൃതമായി പണം വാങ്ങാൻ ഡോക്ടർമാർക്ക് അവകാശമില്ലെന്നും അതീവഗുരുതരമായ കുറ്റമാണ് ഇതെന്നുമാണെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഈക്കാര്യത്തെ കുറിച്ചു പ്രതികരിച്ചത്. ഇതുസംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിലഭിച്ചാൽ വകുപ്പു തല അന്വേഷണം നടത്തുമെന്നും ജില്ലാമെഡിക്കൽഓഫീസർ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളയിൽ നിന്നും രക്ഷ നേടുന്നതിനാണ് സാധാരണക്കാർ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാൽ അവിടെ ഡോക്ടർമാർ നിർധനരുംആലംബഹീനരുമായ രോഗികളുടെ കഴുത്തറക്കാൻ കൈക്കൂലി പണത്തിനായി ഏജന്റുമാരെ മറയാക്കി വെട്ടുകത്തിയുമായി ഇറങ്ങിയിരിക്കുന്നത്.