കൊച്ചി: കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപിയുടെ മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദനെ അമൃത ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ആരോഗ്യനില മെച്ചമായതിനെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതോടെയാണ് ഇന്ന് രാത്രിയിൽ കൊച്ചി അമൃത ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചത്. നേരത്തെ കൊച്ചി അമൃതയിലും നെയ്യാറ്റിൻകരയിലെ നിംസിലുമായാണ് ദീർഘകാലമായി പിപി മുകുന്ദന്റെ ചികിൽസ. രണ്ടാഴ്‌ച്ച മുമ്പാണ് പതിവ് പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു മുകുന്ദൻ. പരിശോധനകളിൽ കരളിന് പ്രശ്നങ്ങളുള്ളതായി കണ്ടെത്തുകയായിരുന്നു.

വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെയാണ് അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണൂരുകാരനായ പി പി മുകുന്ദൻ കുറച്ചു കാലമായി തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലുള്ള കുടുംബ സുഹൃത്തിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ചികിൽസയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ആർ എസ് എസിലൂടെയാണ് കണ്ണൂരുകാരനായ പിപി മുകുന്ദൻ പൊതുരംഗത്ത് എത്തുന്നത്. അറുപതുകളിൽ ആർ എസ് എസിന്റെ ഭാഗമായ മുകുന്ദൻ കേരളത്തിൽ ഉടനീളം ഓടി നടന്ന് സംഘടനാ പ്രവർത്തനം നടത്തി. അടിയന്തരാവസ്ഥാ കാലത്തെ ഇടപെടലിലൂടെ ശക്തനായ നേതാവായി മാറി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബന്ധമുള്ള ആർഎസ്എസ് പ്രചാരകനായി മുകുന്ദൻ. പിന്നീട് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി. കോ ലീ ബി സഖ്യത്തിന് പിന്നിലെ സൂത്രധാരനായിരുന്നു. വാജ്പേയ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ പ്രധാന അധികാര കേന്ദ്രമായി.

ബിജെപിയിൽ വിമുരളീധരൻ പിടിമുറുക്കിയതോടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുകുന്ദന് പിൻവാങ്ങേണ്ടി വന്നു. ദക്ഷിണേന്ത്യയുടെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം തൽകാലത്തേക്ക് നൽകി. പിന്നീട് പതിയെ നേതൃത്വത്തിൽ നിന്നും മാറി. കെ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രധാന ബിജെപി നേതാക്കളേയും കണ്ടെത്തിയതും നേതൃത്വത്തിന്റെ ഭാഗമാക്കിയതും പിപി മുകുന്ദനെന്ന സംഘടനാ സെക്രട്ടറിയാണ്. കേരളത്തിലെ പരിവാർ പ്രവർത്തകരിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് മുകുന്ദൻ. പിന്നീട് ബിജെപി നേതൃത്വം പൂർണ്ണമായും അവഗണിച്ചുവെന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി. എങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് എന്നും പിപി മുകുന്ദൻ.