- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ആരംഭിച്ചത് 139815 പുതിയ സംരംഭങ്ങൾ; മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും: മന്ത്രി. പി.രാജീവ്
കൊച്ചി: മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം. എസ്. എം. ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ( ഐ.സി.എ.ഐ)യുമായി ചേർന്ന് സംഘടിപ്പിച്ച എം.എസ്.എം.ഇ. ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും കൂടി ഒത്തുപിടിച്ചാൽ അതിവേഗത്തിൽ കേരളത്തിലെ വ്യവസായിക രംഗത്തെ മാറ്റാം. കഴിഞ്ഞ സാമ്പത്തിക വർഷം 139815 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേർക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.കേരളത്തിൽ വ്യവസായം വളരാൻ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇതിന്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം, ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. ബോധവൽക്കരണ പരിപാടികളും ലോൺ മേളകളും സംഘടിപ്പിച്ചു. ഇതിനായി 1153 ഇന്റേണുകളെ സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐ യും എം.എസ്.എം.ഇ. സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി.
പരിപാടിയിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ജോയിന്റ് ഡയറക്ടർ ജി രാജീവ് , കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ എം. ഡി എസ്. ഹരികിഷോർ , സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനറും കാനറ ബാങ്ക് കേരള ഹെഡുമായ എസ് പ്രേം കുമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ പി എം വീരമണി, ദീപക് ഗുപ്ത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള സർക്കാർ ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഇൻഡസ്ട്രീസ് ആൻഡ് ജനറൽ എജുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഐ.സി.എ.ഐ. എം.എസ്.എം.ഇ. ആൻഡ് സ്റ്റാർട്ടപ്പ് കമ്മിറ്റി ചെയർമാൻ ധീരജ് കുമാർ ഖണ്ടേൽവാൽ, വൈസ് ചെയർമാൻ രാജ് ചൗള, ഐ.സി.എ.ഐ. ദക്ഷിണേന്ത്യൻ കൗൺസിൽ ചെയർമാൻ എസ് പന്നാരാജ്, പ്രോഗ്രാം കൺവീനർ ബാബു എബ്രഹാം കള്ളിവായലിൽ, ജോയിന്റ് കൺവീനർ ദീപ വർഗീസ് എന്നിവർ സംസാരിച്ചു.