- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ് ജനങ്ങളുടെ പരിപാടി; അത് ജനങ്ങൾക്കായി സംഘടിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്: മന്ത്രി പി രാജീവ്
കൊച്ചി: നവകേരള സദസ് ജനങ്ങളുടെ പരിപാടിയാണെന്നും അത് ജനങ്ങൾക്കായി സംഘടിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പി. രാജീവ്. നവ കേരള സദസുമായി ബന്ധപ്പെട്ട് ഇടപ്പള്ളിയിൽ ചേർന്ന വിവിധ ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന നവ കേരള സദസ് പുതിയ സംഭവമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒന്നിലധികം മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാതല റിവ്യൂ മീറ്റിങ്, കേരളത്തിന്റെ ഉത്സവമായി സംഘടിപ്പിച്ച കേരളീയം തുടങ്ങിയവ സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
ജനങ്ങൾക്ക് അനുകൂലമായ നിരവധി വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വിവിധ മേഖലകളിൽ ഡിജിറ്റൽ മികവ് കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി, സയൻസ് പാർക്കുകൾ, ഇൻഡസ്ട്രിയൽ പാർക്ക്, കെ ഫോൺ, ഡിജിറ്റൽ ഹൈവേ, വ്യവസായ മേഖലയുടെ വളർച്ചക്ക് ആവശ്യമായ വിവിധ പദ്ധതികൾ തുടങ്ങി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്തുണ്ടായ ഇത്തരം വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടാതെ ഏതെല്ലാം രംഗത്ത് മാറ്റങ്ങൾ വേണമെന്ന് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനും കൂടിയാണ് ഇത്തരം പരിപാടികൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവ കേരള സദസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് യോഗത്തിൽ പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. യോഗത്തിൽ കലക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ല വ്യവസായ ഓഫീസർ പി.എ. നജീബ്, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്രതിനിധികൾ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



