തിരുവനന്തപുരം: സംസ്ഥാനത്തെ വനിത പൊലീസ് സെൽ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ ശക്തിപ്പെടുത്തണമെന്നും വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ജവഹർ ബാലഭവനിൽ ജില്ലാതല സിറ്റിങിന്റെ രണ്ടാം ദിവസത്തെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

കേസുകളിൽ കൗൺസിലിങ് ഉൾപ്പെടെ സഹായം നൽകണം. ആവശ്യമായ ഉദ്യോഗസ്ഥരെ വനിത പൊലീസ് സെല്ലിൽ നിയുക്തമാക്കണം. ഇങ്ങനെ ശക്തമായ ഇടപെടൽ ഉണ്ടായാൽ കുടുംബപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകൾ പൊലീസ് സ്റ്റേഷനിൽ എത്തുന്ന സമയത്ത് ആവശ്യമായ കൗൺസിലിങ് അവിടെ തന്നെ നൽകി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിത സെല്ലിലൂടെ സ്വീകരിക്കണം.

ഈ സംവിധാനം സംസ്ഥാനത്ത് ഉണ്ടെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് കമീഷനു മുന്നിൽ എത്തുന്ന പരാതികളിലൂടെ മനസിലാകുന്നത്. പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട ശേഷവും അവിടെനിന്നും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് വനിത കമീഷനെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. വനിത പൊലീസ് സെല്ലുകൾ കുടുംബപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് നല്ല ജാഗ്രതയോടെ പ്രവർത്തിക്കണം.

ഗാർഹിക ചുറ്റുപാടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങിൽ പരിഗണനക്ക് എത്തിയവയിൽ കൂടുതലും. ഏറ്റവും ശക്തമായ നിയമങ്ങളാണ് ഗാർഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി രാജ്യത്ത് നിലനിൽക്കുന്നത്. പക്ഷേ നിയമം അനുശാസിക്കുന്ന മെച്ചപ്പെട്ട സംവിധാനങ്ങൾ ഉറപ്പുവരുത്താൻ പല കാരണങ്ങളാൽ കഴിയുന്നില്ല. ഗാർഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകൾക്ക് ഭർത്തൃവീടുകളിൽ സുരക്ഷിതയായി താമസിക്കുന്നതിന് വേണ്ട പ്രൊട്ടക്ഷൻ ഓർഡറുകൾ കോടതികൾ നൽകുന്നുണ്ട്.

പക്ഷേ ഇതു ലഭിച്ചാലും സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും പല കേസുകളിലും ജാഗ്രത ഉണ്ടാകുന്നില്ല. പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പൊലീസ് ജാഗ്രത പാലിക്കണം. ഗാർഹിക പീഡന പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ കൈകാര്യം ചെയ്യുന്നതിലും ജാഗ്രതകുറവുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഗാർഹിക പ്രശ്നങ്ങൾ വർധിച്ചു വരുകയാണ്. അതി സങ്കീർണമായ കുടുംബ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. വിവാഹ സമയത്തും തുടർന്നും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഏറെയും. വിവാഹ പൂർവ കൗൺസിലിങിന്റെ അനിവാര്യതയുണ്ട്. വർഷങ്ങൾക്കു മുൻപു തന്നെ സ്ത്രീധനം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിവാഹ സമയത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീധനം പണമായും അതുപോലെ വസ്തുവകകളായിട്ടും പെൺകുട്ടികൾക്ക് നൽകുന്നുണ്ട്.

എന്നാൽ, ഇതു സംബന്ധിച്ച് കൃത്യമായ യാതൊരു രേഖകളും സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ല. പലപ്പോഴും തർക്കങ്ങൾ ഉണ്ടാകുമ്പോൾ അതു തെളിയിക്കുന്നതിന് കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വഷളാകുന്ന സമയത്ത് തന്റെ അർഹതപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടുന്നതിനു വേണ്ടി കോടതിയെ സമീപിക്കുന്ന സമയത്തുപോലും എന്തൊക്കെ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതിനു കഴിയാത്ത സാഹചര്യം ഉണ്ട്.

അതിനാൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്തു തന്നെ എന്തൊക്കെ വസ്തുവകകളാണ് വിവാഹസമയത്ത് പാരിതോഷികമായും മറ്റും നൽകിയിട്ടുള്ളത് എന്നതു സംബന്ധിച്ച് കൃത്യമായ രേഖ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. ചില സാമുദായിക സംഘടനകളൊക്കെ അത്തരത്തിലുള്ള രേഖ സൂക്ഷിക്കുന്നുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യുമ്പോഴും സമ്മാനമായി നൽകിയവയുടെ വിവരങ്ങളും രേഖപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് പരാതികളുണ്ടായാൽ തീർപ്പ് കൽപ്പിക്കുന്നതിന് വിവരങ്ങൾ രേഖപ്പെടുത്തുന്നത് സഹായകമാകും.

ഗാർഹിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനതലത്തിൽ ജെൻഡർ റിസോഴ്സ് സെന്ററുകൾ രൂപീകരിച്ചു വരുന്നുണ്ട്. ലിംഗസമത്വം ഉറപ്പുവരുത്താൻ ഉതകുന്ന വിധത്തിലുള്ള സംവിധാനം ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്ത് ശക്തിപ്പെടണം. തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാസമിതികളുടെ പ്രവർത്തനം ശക്തമാക്കണം. വനിത കമീഷൻ സിറ്റിങിൽ പരിഹരിക്കാൻ സാധിക്കാത്ത പരാതികൾ ജാഗ്രതാ സമിതികൾ വഴിയായി പരിഹരിക്കുന്നതിന് അയച്ചു നൽകുന്നുണ്ട്.

തദ്ദേശസ്ഥാപനതലത്തിൽ ജാഗ്രതാസമിതികൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും കുടുംബാന്തരീക്ഷം രമ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുകയും ചെയ്യണം. ജില്ലാതല സിറ്റിങിന്റെ രണ്ടാം ദിവസം 230 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 29 പരാതികൾ തീർപ്പാക്കി. 15 പരാതികളിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആറു പരാതികൾ കൗൺസിലിങ് നടത്തുന്നതിന് നിർദേശിച്ചു. 180 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.

മെമ്പർമാരായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, സിഐ ജോസ് കുര്യൻ, എസ്‌ഐ അനിത റാണി, കൗൺസിലർ ശോഭ, അഡ്വ. സോണിയ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.