കരുവന്നൂർ:പാടത്തും പുഴയിലുമൊക്കെ മെസ്സിയും നെയ്മറുമൊക്കെ തലപ്പൊക്കത്തിൽ മത്സരം നടത്തുന്ന ഫുട്‌ബോൾ ആവേശത്തിന്റെ സമയമാണിത്.എന്തിലും ഏതിലും കാൽപ്പന്തുകളിയുടെ ആവേശം വാനോളം ഉയർന്നുനിൽക്കുന്ന പന്താട്ട കാലം.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഫുട്‌ബോൾ ആവേശത്തിന്റെ കാഴ്‌ച്ചയാണ് കരുവന്നൂരിലെ യുവകർഷകർ ഒരുക്കിയിരിക്കുന്നത്.നെൽപ്പാടത്തു കലകൊണ്ടു ഫുട്‌ബോൾ സ്‌നേഹം പച്ചകുത്തിക്കൊണ്ടാണ് യുവകർഷകർ ഫുട്‌ബോളിനോടും കാർഷിക വൃത്തിയോടുമുള്ള തങ്ങളുടെ സ്‌നേഹം വിളിച്ചറിയിക്കുന്നത്.

മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്‌ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു വളർത്തിയെടുത്തത്. 'പാഡി ആർട്ട്' എന്നാണ് ഈ വ്യത്യസ്തമായ ആശയത്തിന്റെ പേര്.കടുംപച്ച നിറത്തിലുള്ള നെൽച്ചെടികൾക്കിടയിൽ വയലറ്റ് നിറത്തിലുള്ള നെൽച്ചെടികൾ നട്ടുവളർത്തിയാണ് ഇവർ പാഡി ആർട്ട് ഒരുക്കിയത്.സാധാരണ വിത്തിനങ്ങളെക്കാൾ പല മടങ്ങു വിലയുള്ള നാസർ ബാത്ത്, കാലാ ബാത്ത് എന്നീ നെൽവിത്തുകൾ ഉപയോഗിച്ചായിരുന്നു കലാവിദ്യ.വയനാട് സ്വദേശിയും ജൈവകർഷകനുമായ ജോൺസനിൽ നിന്നാണു ഇതിനായുള്ള വിത്തുകൾ ശേഖരിച്ചത്.

പുത്തൻതോട് സ്വദേശിയായ ആർട്ടിസ്റ്റ് രവി പാടത്തു ലോകകപ്പിന്റെയും കഥകളിയുടെയും കേരളഭൂപടത്തിന്റെയും രൂപം മണ്ണിൽ വരച്ചു നൽകി. ഈ വരകളിൽ വയലറ്റ് നിറത്തിലുള്ള ഞാറുപാകി ഒരുമാസത്തോളം പരിചരിച്ചു വളർത്തിയെടുത്താണ് ഇവർ പാഡി ആർട്ട് ഒരുക്കിയത്.