കണ്ണൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും കണ്ണൂര്‍ സ്വദേശിനി ലാവണ്യയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭീകരാക്രമണം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും ഉച്ചഭക്ഷണം കഴിക്കാമെന്നെടുത്ത തീരുമാനമാണ് ഈ കുടുംബത്തെ രക്ഷിച്ചത്. ഇവര്‍ ഊണ് കഴിച്ച ഹോട്ടലിന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഭീകരാക്രമണം നടന്നത്. അഞ്ച് മിനറ്റ് ദൂരം മാത്രമുള്ള ഈ സ്ഥലത്തേക്ക് ആദ്യം പോകാന്‍ തീരുമാനിച്ചെങ്കിലും ഭക്ഷണം കഴിച്ചിട്ടാകാമെന്ന് കുടുംബത്തിനുണ്ടായ തോന്നലാണ് രക്ഷയായത്.

കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് നന്ദനം അപ്പാര്‍ട്മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവുമാണ് കശ്മീരിലെ ഭീകരാക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ലാവണ്യയും ഭര്‍ത്താവ് ആല്‍ബി ജോര്‍ജും. കച്ചവടാവശ്യത്തിന് വസ്ത്രം വാങ്ങുന്നതോടൊപ്പം കുടുംബത്തോടൊപ്പം ഒരു മനോഹര യാത്രയും പ്ലാന്‍ ചെയ്താണ് ഇവര്‍ കശ്മീരിലെത്തിയത്. ഇരുവര്‍ക്കും ഒപ്പം മക്കളായ അനുഷ്‌കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 19-നാണ് കശ്മീരിലെത്തിയത്.

ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ശ്രീനഗറില്‍നിന്ന് ഇവര്‍ പെഹല്‍ഗാമിലേക്ക് തിരിച്ചത്. ഉച്ചയോടെ അവിടെയെത്തി. ഉദ്ദേശിച്ച സ്ഥലങ്ങള്‍ കൃത്യസമയത്ത് കാണേണ്ടതിനാല്‍ ഇവര്‍ രണ്ടുദിവസം ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കും പതിവു പോലെ ഭക്ഷണം കഴിക്കേണ്ടെന്ന് കരുതി എങ്കിലും സ്ഥലത്ത് എത്തിയപ്പോഴേക്കും ഏവര്‍ക്കും വിശന്നു. ഇതോടെ ഭക്ഷണം കഴിക്കാമെന്ന് വെച്ചു. ഹോട്ടലില്‍ തിരക്കായതിനാല്‍ ഭക്ഷണം കിട്ടാനും കഴിക്കാനും ഒരുമണിക്കൂറെടുത്തു. അതാണ് ഞങ്ങള്‍ക്ക് രക്ഷയായത്. അല്ലെങ്കില്‍ ആക്രമണം നടക്കുമ്പോള്‍ ഞങ്ങളും അവിടെയുണ്ടാകുമായിരുന്നെന്-ലാവണ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 2.30-ന് മിനിസ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന താഴ്വരയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുന്നില്‍നിന്ന് 200-ഓളം കുതിരസവാരിക്കാരും വാഹനങ്ങളും കുതിച്ചുവരുന്നത് കണ്ടത്. ആക്രമണം നടന്നതറിഞ്ഞ് ആ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്നു ഇവര്‍. അപ്പോഴേയ്ക്കും ഭീകരാക്രമണ വാര്‍ത്തയും വന്നു. ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. അപ്പോള്‍ തന്നെ ലാവണ്യയും കുടുംബവും വന്ന ഭാഗത്തേക്ക് തന്നെ വാഹനം തിരിച്ചു. അപ്പോഴും സംഭവത്തിന്റെ തീവ്രത ഇത്രയും വലുതാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്ന് ലാവണ്യ പറഞ്ഞു. ആല്‍ബിയുടെ അച്ഛന്‍ ടി.ആര്‍. ജോര്‍ജും അമ്മ കുഞ്ഞമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പെഹല്‍ഗാമിലെ ഹോട്ടലിലാണ് അവര്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മടങ്ങും.