പാലക്കാട്: വാളയാറിൽ മർദനമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രാംനാരായണൻ എന്നയാളാണ് മരിച്ചത്. കള്ളനെന്ന് ആരോപിച്ച് ചിലർ ഇയാളെ മർദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മർദനത്തിൽ അവശനിലയിലായ രാംനാരായണനെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ഇയാൾ മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാംനാരായണന്റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിലൂടെയാണ് സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവരേണ്ടത്.