കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ വിഷയത്തിൽ ലോകരാഷ്ട്രങ്ങൾ ഉണരണം. ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും 1967ലെ സ്വതന്ത്രരാജ്യവും തിരികെ ലഭിക്കുന്നതിനായി ശബ്ദിക്കണമെന്നും ഹൈജ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴു മുതൽതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തങ്ങൾ അഭ്യർത്ഥിച്ചതാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുകയാണ്. അഞ്ച് കരീബിയൻ രാജ്യങ്ങളും രണ്ടു മാസത്തിനകം ഫലസ്തീനിനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളും യുവാക്കളും ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണ്.