തിരുവനന്തപുരം: ദവനഭേദന മാനഭംഗക്കേസിൽ തിരുവനന്തപുരം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രണ്ടാം പ്രതി മാനഭംഗപ്പെടുത്തിയെന്ന പൊലീസ് മൊഴി തിരുത്തി യുവതിയും മകളും സത്യവാങ്മൂലവുമായി കോടതിയിൽ എത്തിയതോടെ മാനഭംഗപ്പെടുത്തിയെന്ന മൊഴി വാങ്ങി എഫ് ഐ ആറിട്ട സിറ്റി പൂജപ്പുര പൊലീസിന് തിരിച്ചടിയായി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് നാടകീയ രാഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തുടർന്ന് ജയിലിൽ കഴിയുന്ന അനവധി ക്രൈം കേസുകളിൽ പ്രതിയായ പല്ലൻ സുരേഷിന്റെ കൂട്ടാളിയായ രണ്ടാം പ്രതി ഉണ്ണിക്കുട്ടന് കോടതി ജാമ്യം അനുവദിച്ചു.

എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതിനാധാരമായി പൂജപ്പുര പൊലീസിന് പ്രഥമ വിവരമൊഴി കൊടുത്ത ഇരകളായ യുവതിയും മകളും കോടതിയിൽ ഹാജരായി പരാതി പിൻവലിച്ചതിനാലാണ് പ്രതിക്ക് കോടതി ജാമ്യം നൽകിയത്. ഉണ്ണിക്കുട്ടനെന്ന നന്ദു കൃഷ്ണൻ (24) എന്ന രണ്ടാം പ്രതിക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. വീടാക്രമണം , നരഹത്യാശ്രമം, അടിപിടി , കഞ്ചാവ് കടത്ത് എന്നീ കേസുകൾ നിലവിലുള്ള പുന്നയ്ക്കാമുകൾ ഞാലിക്കോണം നിവാസിയായ പല്ലൻ സുരേഷ് എന്ന സുരേഷാണ് ഒന്നാം പ്രതി.

വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് വന്ന് ഒന്നാം പ്രതി പല്ലൻ സുരേഷ് തന്റെ ഭർത്താവിനെ കത്തി വിശി ആക്രമിച്ച സമയം രണ്ടാം പ്രതി ഉണ്ണിക്കുട്ടൻ തങ്ങളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചെന്നും ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും വിശദീകരിച്ച് പൊലീസിന് നൽകിയ മൊഴി പരാതിക്കാരായ അമ്മയും മകളും തിരുത്തി , ഒന്നാം പ്രതിയെ കുറ്റകൃത്യങ്ങളിൽ നിന്ന് തടയാൻ ശ്രമിച്ച രണ്ടാം പ്രതി ഉണ്ണിക്കുട്ടന്റെ ഉദ്ദേശ്യം തങ്ങൾ തെറ്റിദ്ധരിച്ചതാണെന്നും തങ്ങളെ കയറിപ്പിടിച്ചത് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും ഉണ്ണിക്കുട്ടനെതിരെ മേൽ പരാതിയില്ലെന്നും കാട്ടി അമ്മയും മകളും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനാലാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.

പ്രതിയുടെ ജാമ്യഹർജി കോടതി പരിഗണിക്കവേ സത്യവാങ്മൂലവുമായി പരാതിക്കാരിയായ യുവതിയും മകളും രംഗത്തെത്തിയതോടെ കേസെടുത്ത പൂജപ്പുര പൊലീസ് വെട്ടിലായി. ജാമ്യ വ്യവസ്ഥകൾ ഇപ്രകാരമാണ് : രണ്ടാം പ്രതി ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും ഹാജരാക്കണം. പരാതിക്കാരിയേയോ കുടുംബാംഗങ്ങളേയോ യാതൊരു തരത്തിലും നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തുകയോ അപമാനിക്കാനോ പാടില്ല.

കേസിന്റെ വസ്തുത അറിയാവുന്ന ഏതൊരാളെയും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത്. പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെയോ അല്ലെങ്കിൽ രണ്ടു മാസക്കാലത്തേക്കോ ഏതാണോ ആദ്യം വരുന്നത് അത് വരെ തിരുമല വില്ലേജതിർത്തിക്കകത്ത് പ്രതി പ്രവേശിക്കരുത്. അന്വേഷണവുമായി സഹകരിക്കുകയും അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെ എല്ലാ വെള്ളിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും കൽ തുറുങ്കിലടക്കുമെന്നും ജാമ്യ ഉത്തരവിൽ അഡീ. സിജെഎം എൽസാ കാതറിൻ ജോർജ് വ്യക്തമാക്കി.