- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരം
ആഗോള അയ്യപ്പ സംഗമത്തിനെതിരെ പന്തളം കൊട്ടാരം രംഗത്ത്
പത്തനംതിട്ട: സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ പന്തളം കൊട്ടാരം രംഗത്ത്. സാധാരണ ഭക്തജനങ്ങള്‍ക്ക് ഈ സംഗമം കൊണ്ട് എന്തു ഗുണമാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും, 2018ല്‍ നടന്ന നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ പോലീസ് കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.
യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്നും, അയ്യപ്പ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചും അവരുടെ വിശ്വാസങ്ങള്‍ക്ക് കോട്ടം വരാതെ സംരക്ഷിച്ചാല്‍ മാത്രമേ ഈ അയ്യപ്പ സംഗമം ലക്ഷ്യം നേടൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 2018-ല്‍ ഭക്തജനങ്ങള്‍ക്ക് നേരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്തജനങ്ങള്‍ക്ക് നല്‍കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും, അയ്യപ്പ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഭക്തജനങ്ങളോടൊപ്പം എക്കാലവും നിലകൊള്ളുമെന്നും പന്തളം കൊട്ടാരം അറിയിച്ചു. സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് കൊട്ടാരം കൂട്ടിച്ചേര്‍ത്തു.