തിരുവനന്തപുരം : പാറശാല ഷാരോൺ കൊലക്കേസ് വിചാരണയിലുടനീളം നേരിട്ടു ഹാജരാകുന്നതിൽ നിന്നും തങ്ങളെ സ്ഥിരമായി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികൾ ഹർജി സമർപ്പിച്ചു. ഹർജിയിൽ ജൂലൈ 21 ന് സർക്കാർ നിലപാടറിയിക്കാൻ വിചാരണ കോടതിയായ അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിദ്യാധരൻ ഉത്തരവിട്ടു. ഒന്നാം പ്രതി ഗ്രീഷ്മയുടെ മാതാവായ രണ്ടാം പ്രതി സിന്ധുവും മൂന്നാം പ്രതി അമ്മാവൻ നിർമ്മല കുമാരൻ നായരും സമർപ്പിച്ച (permanent exemption petition) നേരിട്ടു ഹാജരാകൽ ഒഴിവാക്കൽ ഹർജിയിലാണ് കോടതി ഉത്തരവ്. 2022 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ടത് മുതലുള്ള മാനസിക വേദന, ദീർഘദൂര യാത്ര, വാർദ്ധക്യ സഹജമായ അസുഖങ്ങൾ , (facing the mental agony of trial) ദീർഘനാളായി വിചാരണ അഭിമുഖീകരിക്കുന്നതിലുള്ള മനോവേദന) എന്നീ അവശതകൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി.

സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന് നൽകുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചതെന്ന ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോണത്തിൽ ഉറച്ച് ഷാരോണിന്റെ രക്ഷിതാക്കൾ നിലപാടെടുത്തതോടെയാണ് പൊലീസ് ആ വഴിക്കും അന്വേഷിച്ചത്. വിവാഹം നടന്നെന്ന് ഷാരോൺ പറയുന്ന വീഡിയോ അടക്കം പുറത്ത് വിടുകയും ചെയ്തു.

ഷാരോണുമായി പ്രണയത്തിലായിരുന്നു എന്ന വസ്തുത ഗ്രീഷ്മ പൊലീസിനോട് നിഷേധിക്കുന്നില്ല. വീട്ടുക്കാർ അറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു, വിവാഹ നിശ്ചയിച്ച ശേഷമാണ് തന്നെ ഷാരോൺ നിർബന്ധിച്ച് വെട്ടുകാട് പള്ളിയിൽ കൊണ്ടുപോയി സിന്ദൂരം തൊട്ടത്. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വകാര്യ ഫോട്ടോയും വീഡിയോയും അടക്കം ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിട്ടും അത് തിരിച്ച് നൽകാൻ തയ്യാറായില്ല. പ്രതിശ്രുത വരന് ഇതെല്ലാം കൈമാറുമെന്ന് പേടിയുമുണ്ടായിരുന്നു.

തുടർന്നാണ് കൊലപാതകത്തെ കുറിച്ച് ആലോചിച്ചതും ആസൂത്രണം ചെയ്തതും. വിഷംകൊടുത്ത ശേഷം പൊലീസ് അന്വേഷണത്തെ എങ്ങനെ വഴിതിരിക്കാം എന്നതടക്കം വിവരങ്ങൾ ഗൂഗിളിൽ പരതിയിരുന്നു. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു, അവിടെ നിന്ന് അമ്മവൻ കുപ്പിയെടുത്ത് മറ്റെവിടേയോ കൊണ്ടിട്ടെന്നാണ് ഗ്രീഷ്മ പൊലീസിന് നൽകിയതായി കോടതിയിൽ ഹാജരാക്കിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. മുൻ നിശ്ചയപ്രകാരം റെക്കോർഡ് ബുക്ക് വാങ്ങാനെന്ന പേരിൽ 2022 ഒക്ടോബർ 14 ന് ഷാരോണിനെ വരുത്തി കഷായ ചലഞ്ച് നടത്തി കഷായപ്പൊടിയിൽ കീടനാശിനി കലർത്തി കഷായമെന്ന വ്യാജേന തന്ത്രത്തിൽ ഷാരോണിനെ കുടിപ്പിച്ച് മാരക വിഷത്തിന്റെ കാഠിന്യഫലത്താൽ കരളും വൃക്കയും അഴുകി നശിക്കാനിട വരുത്തിയും എന്ത് കഷായമാണ് നൽകിയതെന്ന് ഷാരോണും സഹോദരനും പല ആവർത്തി ചോദിച്ചിട്ടും ഗ്രീഷ്മ വെളിപ്പെടുത്താതെ ഷാരോണിനെ കൊലപ്പെടുത്തി തെളിവു നശിപ്പിച്ചുവെന്നാണ് കേസ്.

അതേ സമയം ഒന്നാം പ്രതി എം എ (സോഷ്യോളജി) രണ്ടാം വർഷ വിദ്യാർത്ഥിനി ഗ്രീഷ്മ എന്ന ശ്രീക്കുട്ടിയുടെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജയിൽ റിമാന്റ് ജൂലൈ 21 വരെ നീട്ടി ഗ്രീഷ്മയെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു.രണ്ടാം പ്രതി മാതാവ് സിന്ധുവും മൂന്നാം പ്രതി മാതുലൻ നിർമ്മല കുമാരൻ നായരും ജാമ്യത്തിൽ കഴിയുകയാണ്.