തളിപറമ്പ്: ഒരുതുള്ളി പോലും വെള്ളം ലഭിക്കാത്തതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. നഴ്സിങ് കോളേജ് അധികൃതർ അടച്ചുപൂട്ടി. ഇതോടെ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പലരും നാട്ടിലേക്ക് മടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നഴ്സിങ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് അധികൃതരുടെ തീരുമാനമെന്നാണ് വിവരം.

220 വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നതാണ് വിദ്യാർത്ഥികൾക്ക് വിനയായത്. ഇതുകാരണം ഹോസ്റ്റലിലേക്കുള്ള കുടിവെള്ളം നിലയ്ക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വരെ ഇവിടെ പഠിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വാട്ടർ അഥോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലേക്ക് കുടിവെള്ളം പുനഃസ്ഥാപിക്കാൻ അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നിർദ്ദേശിച്ചത്. ഇതിന് കോളേജ് അധികൃതർക്ക് സാധിക്കാതെ വന്നതോടെയാണ് കോളേജ് തന്നെ പൂട്ടേണ്ടിവന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. രക്ഷിതാക്കളിൽ ചിലർ കല്യാശേരി എംഎൽഎ എം.വിജിന്റെ ശ്രദ്ധയിൽ ഈക്കാര്യം കൊണ്ടുവന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

ഇപ്പോഴും ടാങ്കറിൽ കോളേജിലേക്ക് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അതുകലക്കു വെള്ളമാണെന്നാണ് പറയുന്നത്. നേരത്തെയും കുടിവെള്ള പ്രശ്നത്തിന്റെ പേരിൽ നഴ്സിങ് കോളേജ് പൂട്ടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ സമരത്തിലിറങ്ങിയപ്പോൾ താൽക്കാലിക പരിഹാരം കാണുകയായിരുന്നു.