കൊച്ചി: എറണാകുളം ജില്ലാ കളക്ടറേറ്റില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും അന്യായമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നുവെന്ന പരാതി ജില്ലാ കളക്ടര്‍ പരിശോധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

പരാതിയും പരിഹാരമാര്‍ഗ്ഗങ്ങളും പരാതിക്കാരന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സബ് കളക്ടര്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു കമ്മറ്റി ജില്ലാ കളക്ടര്‍ രൂപീകരിച്ച് നിവേദനം പരിശോധിക്കണം. പരാതിക്കാരനെ കേട്ട് ശരിയായ അന്വേഷണം നടത്തി വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് പ്രസ്തുത കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ കാലതാമസം കൂടാതെ ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സിവില്‍ സ്റ്റേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ആദ്യ ഒരു മണിക്കൂറില്‍ പാര്‍ക്കിംഗ്‌സൗജന്യമാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞാലാണ് തുക ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ പിരിക്കുന്ന തുകയില്‍ നിന്നും പ്രതിമാസം 1500 രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്.

എന്നാല്‍ വാഹനം പാര്‍ക്ക് ചെയ്താലുടന്‍ ഫീസ് ഈടാക്കാറുണ്ടെന്ന് പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ രാജു വാഴക്കാല കമ്മീഷനെ അറിയിച്ചു. ഫീസ് പിരിക്കുന്നത് നയപരമായ തീരുമാനമായതിനാല്‍ അത് നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.