കട്ടപ്പന: തമിഴ്‌നാട്ടില്‍ നിന്ന് കൂട്ടത്തോടെ തത്തകളെ എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി കൊത്തൂര്‍ സ്വദേശിനികളായ ജയ (50), ഇളവഞ്ചി (45), പൊള്ളാച്ചി കരൂര്‍ സ്വദേശിനി ഉഷ ചന്ദ്രശേഖരന്‍ (41) എന്നിവരാണ് പിടിയിലായത്. ഇവര്‍ കൂട്ടിലാക്കി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 139 തത്തകളെയും പിടികൂടി. കട്ടപ്പനയില്‍ വച്ചാണ് മൂന്ന് പേരും പിടിയിലായത്. വനം വകുപ്പിന്റെ ഇടുക്കി ഫ്‌ലെയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും കട്ടപ്പന ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടിയത്.

പൊള്ളാച്ചിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ തത്തകളുമായി ബസ് മാര്‍ഗം കട്ടപ്പനയില്‍ വന്നിറങ്ങിയ മൂവരും കാമാക്ഷി പ്രകാശിലെത്തി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയിട്ടത്. രണ്ട് തത്തകളെ വീതം ഒരു ചെറിയ ബോക്‌സിലാക്കി 400ഉം 600ഉം രൂപയ്ക്ക് വില്‍ക്കാനായിരുന്നു ഉദ്ദേശമെന്ന് ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉടനെത്തി മൂന്ന് പേരെയും തത്തകളെയും പിടികൂടുകയായിരുന്നു. പൊള്ളാച്ചിയിലെ നരിക്കുറവന്‍മാരില്‍ നിന്നും പല തവണയായി വാങ്ങി സൂക്ഷിച്ച തത്തകളാണ് ഇവയെന്ന് പിടിയിലായ സ്ത്രീകള്‍ പറഞ്ഞു. തത്തകളെ കാഞ്ചിയാര്‍ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം ഇവയെ ഇടുക്കി വനത്തില്‍ തുറന്നു വിടും.