കാഞ്ഞിരപ്പള്ളി:നവീകരണത്തിന്റെ ആത്മാവ് സഭയിൽ പ്രവർത്തനനിരതമാകാനുള്ള ചാലകശക്തികളിലൊന്നായി പാസ്റ്ററൽ കൗൺസിൽ മാറണമെന്ന് മാർ മാത്യു അറയ്ക്കൽ.സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം.കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ രൂപതാധ്യക്ഷൻ കൂടിയായ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പാസ്റ്ററൽ കൗൺസിലിൽ ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.കാർഷിക, സാമൂഹ്യ.സാംസ്‌കാരിക മേഖലകളിൽ അനുദിനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വിശ്വാസിസമൂഹം പ്രാപ്തരാകണം. അപ്പസ്തോലിക കൂട്ടായ്മയോടുചേർന്ന് പ്രവർത്തിക്കാനും സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ വേണം.ദളിത് ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമാക്കണം.സഭയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനുള്ള ദൗത്യമാണ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്കുള്ളതെന്നും മാർ ജോസ് പുളിക്കൽ ഓർമ്മപ്പെടുത്തി.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായി ഡോ.ജൂബി മാത്യുവിനെ പ്രഖ്യാപിച്ചു. വികാരിജനറാളും ചാൻസലറുമായ റവ.ഡോ. കുര്യൻ താമരശ്ശേരി, വികാരി ജനറാൾ റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. മലയോരമേഖലകളിലെ പട്ടയം, ബഫർസോൺ പ്രശ്നങ്ങൾ, പാഠപുസ്തകങ്ങളിലെ ചരിത്രതമസ്‌കരണം, വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾ, യുവതലമുറയുടെ ആഗോള കുടിയേറ്റവും വെല്ലുവിളികളും, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച, രൂപതാ ജൂബിലി ആഘോഷപരിപാടികൾ എന്നിവയെക്കുറിച്ച് കൗൺസിൽ ചർച്ചചെയ്തു.

ചർച്ചകളിൽ പങ്കെടുത്ത് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, റവ. ഡോ. മാത്യു പായിക്കാട്ട്, ആന്റണി ആലഞ്ചേരി, ജോയി വെട്ടിക്കുഴി, അഡ്വ.എബ്രാഹം മാത്യു, തോമസ് വെള്ളാപ്പള്ളി, ഡോ.ജോസ് കല്ലറയ്ക്കൽ, എബ്രാഹം പുതുമന, മാഗി ജോസഫ്, ജോളി ജോസഫ്, പ്രൊഫ.സാജു കൊച്ചുവീട്ടിൽ, ജോസ് ജോസഫ് വെട്ടിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

ബഫർസോൺ സീറോ ബഫർസോണായി വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്നും പട്ടയങ്ങളുടെ നിയമസാധുത റദ്ദ്ചെയ്യരുതെന്നും ചരിത്രസത്യങ്ങളെ തമസ്‌കരിക്കുന്ന വിവിധ ക്ലാസുകളിലെ സാമൂഹ്യ ചരിത്ര പാഠപുസ്തകങ്ങൾ തിരുത്തലുകൾക്ക് വിധേയമാക്കണമെന്നും കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അവതരിപ്പിച്ച പ്രമേയം തീരദേശജനതയുടെ ജീവിത പോരാട്ടങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ആനുകാലിക പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നും ന്യായവില പ്രഖ്യാപിച്ച് കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയിൽ കർഷകസമൂഹത്തെ സംരക്ഷിക്കണമെന്നും പാസ്റ്ററൽ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു.