പത്തനംതിട്ട : അയ്യപ്പഭക്തര്‍ക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കിയിരിക്കുകയാണ് ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍ സെല്‍ തയ്യാറാക്കിയ 'ശബരിമല - പോലീസ് ഗൈഡ്' എന്ന പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തയാര്‍ ചെയ്തിരിക്കുന്ന പോലീസ് ഗൈഡില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയിരിക്കുന്നു.

പോലീസ് ഹെല്‍പ്ലൈന്‍ നമ്പരുകള്‍ക്ക് പുറമെ, പോലീസ് സ്റ്റേഷനുകളുടെയും, ഗതാഗതം, ആരോഗ്യം, മെഡിക്കല്‍, കെ എസ് ആര്‍ റ്റി സി, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന, ഭക്ഷ്യസുരക്ഷ, ദേവസ്വം ഓഫീസ് എന്നിവയുടെയും ഫോണ്‍ നമ്പരുകള്‍ ആദ്യം വിവരിച്ചിരിക്കുന്നു. തുടര്‍ന്ന്, പൊതുവിവരങ്ങള്‍ എന്ന തലക്കെട്ടില്‍ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശബരിമലയുടെ ഐതിഹ്യം ചരിത്രം, വിവിധ ഉത്സവങ്ങള്‍, ഇരുമുടിക്കെട്ട്, എന്നിവയുടെ വിശദമായ വിവരണം ലഭ്യമാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, ഓരോ ജില്ലയില്‍ നിന്നും ശബരിമലയിലേക്കുള്ള പാതകള്‍ (വ്യോമ, റെയില്‍, റോഡ്), ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഇടത്താവളങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും ഗ്രൗണ്ടുകളും, ദര്‍ശനവഴി തുടങ്ങിയുള്ള വിവരങ്ങള്‍ അടുത്ത തലക്കെട്ടുകളില്‍ വിശദമാക്കുന്നു. തുടര്‍ന്ന്, സോപാനം, മാളികപ്പുറം, ആഴി, അരവണ കൌണ്ടര്‍ തുടങ്ങി അയ്യന്റെ സന്നിധിയിലേക്കുള്ള അയ്യപ്പഭക്തരുടെ സഞ്ചാരവഴികളിലെ എല്ലാ ഇടങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കുന്നു.

പമ്പ, സന്നിധാനം ആശുപത്രികളുടെ സേവനം, നിലക്കല്‍ പാര്‍ക്കിംഗ് കേന്ദ്രം എന്നിങ്ങനെ അറിയേണ്ടതെല്ലാം വ്യക്തമാക്കുന്ന പോലീസ് ഗൈഡ് അവസാനിക്കുന്നത് കാലാവസ്ഥ അറിയിപ്പിലാണ്. വിവരങ്ങള്‍ യഥാസമയം പുതുക്കി നല്‍കുന്നതിന് സാധിക്കും വിധമാണ് ഗൈഡ് ഒരുക്കിയിരിക്കുന്നതെന്നും, ഇത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.