- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരില്‍ വിരട്ടല്‍ രാഷ്ട്രീയം; കുഞ്ഞികൃഷ്ണന്റെ ഓഫീസ് പൊളിച്ചു; ഉടമയെ ഭീഷണിപ്പെടുത്തിയത് സിപിഎമ്മുകാരെന്ന് ആരോപണം; ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍: സിപിഎം ഉരുക്കുകോട്ടയായ പയ്യന്നൂരില്‍ വിമതനായി അങ്കത്തിനിറങ്ങിയ മുന്‍ നേതാവ് വി. കുഞ്ഞികൃഷ്ണന് തുടക്കത്തിലേ 'ചുവപ്പ്' കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ കോത്തായി മുക്കില്‍ കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനായി പണിതു കൊണ്ടിരുന്ന ഓഫീസ് അടിയന്തരമായി പൊളിച്ചുനീക്കി. സിപിഎം പ്രാദേശിക നേതാക്കളുടെ കടുത്ത ഭീഷണിയെത്തുടര്‍ന്ന് സ്ഥലമുടമ പിന്മാറിയതാണ് ഓഫീസ് പൊളിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. പയ്യന്നൂരിലെ ഫണ്ട് തിരിമറി പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പാര്‍ട്ടിക്ക് അനഭിമതനായ കുഞ്ഞികൃഷ്ണന്‍ ഇത്തവണ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
വിമത സ്ഥാനാര്‍ത്ഥിക്ക് ഓഫീസ് നടത്താന്‍ സ്ഥലം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചിലര്‍ സ്ഥലമുടമയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. 'ഇവിടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, സ്ഥലം കൊടുക്കരുത്' എന്ന് ചിലര്‍ നേരിട്ടെത്തി വിലക്കിയതായി ഉടമ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഭയന്നുപോയ ഉടമ, ഓഫീസ് പൊളിച്ചുനീക്കിത്തരണമെന്ന് കുഞ്ഞികൃഷ്ണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
സ്ഥലമുടമയുടെ അവസ്ഥ മനസ്സിലാക്കിയ വി. കുഞ്ഞികൃഷ്ണന്‍ തന്നെ മുന്‍കൈ എടുത്താണ് പാതിവഴിയിലായ ഓഫീസ് നിര്‍മ്മാണം പൊളിച്ചുമാറ്റിയത്. 'തങ്ങള്‍ കാരണം മറ്റൊരു പാവപ്പെട്ട മനുഷ്യന് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് കരുതിയാണ് ഓഫീസ് മാറ്റിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണ്ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്,' കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിന് മുന്‍പേ കുഞ്ഞികൃഷ്ണനെ നിശബ്ദനാക്കാന്‍ പാര്‍ട്ടി മെഷിനറി ആകെ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.
പാര്‍ട്ടിയിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ നടപടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹം സ്വതന്ത്ര പാത സ്വീകരിച്ചത്. എന്നാല്‍ പ്രചാരണത്തിന് പോലും സ്ഥലം വിട്ടുകൊടുക്കാത്ത തരത്തില്‍ ഭീഷണി ഉയരുന്നത് വരും ദിവസങ്ങളില്‍ പയ്യന്നൂരില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം. വിമതനെ നേരിടാന്‍ സിപിഎം കായികബലം പ്രയോഗിക്കുന്നുവെന്ന ആരോപണം യുഡിഎഫും ബിജെപിയും രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.


