കണ്ണൂർ: കണ്ണൂരിലും പത്തനംതിട്ട ഇലന്തൂർ മോഡൽ ആഭിചാരക്രിയയുടെ പേരിൽ അന്ധവിശ്വാസ തട്ടിപ്പ്. വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്തു. ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം ടി.പി റഷീദ്, മാതാവ് സൈനബ, ഭാര്യ ആശിഫ, സഹോദരങ്ങളായ ഷർഫുദ്ദീൻ, ഷംസു, നിസാം,വയനാട്ടിലെ ഉസ്താദ്, അബുഹന്ന, കാസർകോട്ടെ തങ്ങൾ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലിസ് കേസെടുത്തത്.

പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്തു വിൽപനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബകാര്യങ്ങൾ ചർച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. വീട്ടിലുണ്ടാവുന്ന പാമ്പു ശല്യം തീർക്കാനും ദാമ്പത്യത്തിലെ വിഷമങ്ങൾ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഉസ്താദിന്റെ ഫോൺനമ്പർ റഷീദ് വീട്ടമ്മയ് നൽകിയതോടെയാണ് തട്ടിപ്പു തുടങ്ങുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ റഷീദ് പരാതിക്കാരിയെ കൊണ്ടു വയനാട്ടിലെ ഉസ്താദിന്റെയടുത്ത് പോയി. ഭർത്താവിന്റെ വീട്ടുകാാർ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ടുലക്ഷം രൂപ ചെലവുവരുമെന്നു പറയുകയായിരുന്നു.

റഷീദിന്റെ സഹോദരനും ചെറുപുഴയിലെ മദ്രസയിലെ ഉസ്താദുമായ ഷർഫുദ്ദീന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷം മാർച്ചിൽ പരാതിക്കാരിയുടെ വീട്ടിലെത്തി കർമ്മങ്ങൾ തുടങ്ങിയത്. പിന്നീട് വീട്ടിൽ നിധിയുണ്ടെന്നും ചെകുത്താന്മാർ കാവലിരിക്കുന്ന അതെടുക്കാൻ വേറെ ആളെ വരുത്തണമെന്നും അറിയിക്കുകയായിരുന്നു. ഇതിനായി നിയോഗിച്ചത് കാസർകോട്ടെ ഒരു ഉസ്താദിനെയാണ്. ഇതിന്റെ ചെലവിലേക്കായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതനുസരിച്ചു അതും വീട്ടമ്മ നൽകി. പലദിവസങ്ങളിലും അർധരാത്രിയിൽ ഈസംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ആഭിചാര കർമ്മങ്ങൾ നടത്തിയിരുന്നു.

കർമ്മങ്ങൾ തുടരവെ സംഘത്തിലുള്ള ഉസ്താദുമായും മറ്റുള്ളവരുമായും വീട്ടമ്മ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നും നിധികിട്ടിയാൽ പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു. നിധിയെടുക്കാമെന്ന് പറഞ്ഞ ദിവസം വീട്ടിൽ പരാതിക്കാരിയും മകളുമല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ലെന്നു പറഞ്ഞതിൽ സംശയം തോന്നിയ വീട്ടമ്മ ബന്ധുക്കളെന്ന പേരിൽ ചിലരെ വീട്ടിലെത്തിച്ചിരുന്നു.

ജൂൺ 22ന് രാത്രി പതിനൊന്നരയ്ക്ക് റഷീദും ഗൂഡല്ലൂരുള്ള തങ്ങളും മറ്റുചിലരും പരാതിക്കാരിയുടെ വകട്ടിലെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ സംഘത്തിന്റെ ഫോട്ടോയൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് എതിർകക്ഷികൾ ഓടിപ്പോവുകയായിരുന്നുവെന്നും പണം വാങ്ങി വഞ്ചിച്ച ശേഷം തന്നെ ജീവഹാനി വരുത്തുകയായിരുന്നു. ഇവരുടെ ലക്ഷ്യമെന്നും കാണിച്ചു കഴിഞ്ഞ ജനുവരി 16ന് ഇവർ പയ്യന്നൂർ പൊലിസിൽ പരാതി നൽകിയിരുന്നു.

ആറുലക്ഷത്തോളം രൂപയാണ് പലഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു. ഇവർ നരബലി ഉൾപ്പെടെ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.