തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയതിന് മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിര പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. അടിയന്തിരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ എച്ച്. ആര്‍.ഡി.എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ പി.സി ജോര്‍ജ് കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ സാമൂഹ്യഐക്യം തകര്‍ക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എസ്.ടി.അനീഷാണ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും ഉള്‍പ്പെടെ പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന ബോധപൂര്‍വമായ ലക്ഷ്യത്തോടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പി. സി.ജോര്‍ജ് നടത്തിയതെന്നാണ് ആരോപണം.

'മുസ്ലീം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളര്‍ത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണില്‍ ജീവിക്കരുത്. ഇന്ത്യ - പാക്കിസ്ഥാന്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് പോകുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അപ്പന്‍ മോത്തിലാല്‍ നെഹ്‌റു മുസ്ലീമായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റു അടച്ചിട്ട മുറിയില്‍ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയേ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്. ഭാരതം എന്നതാണ് ശരി. പിണറായി വിജയന് ഒരു കേസും കൂടിയെടുക്കാം. ഞാന്‍ കോടതിയില്‍ തീര്‍ത്തോളാം.' എന്നിങ്ങനെയായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം എന്നാണ് ആരോപണം.