കൊച്ചി: എറണാകുളം ഉദയംപേരൂരിൽ രാപ്പകൽ സമരവുമായി വയോധികൻ. പറവൂർ സ്വദേശി ശശീന്ദ്രൻ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെൻഷൻ ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം.

ഇന്ന് ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. 50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രൻ. കഴിഞ്ഞ ജൂലൈ വരെ ഇയാൾക്ക് വികലാംഗ പെൻഷൻ ലഭിച്ചിരുന്നു. പെൻഷൻ ലഭിക്കുന്നതിൽ തീരുമാനമാകുന്നതുവരെ സമരം ചെയ്യുമെന്നാണ് ശശീന്ദ്രൻ പറയുന്നത്.

സമരത്തിന് കോൺഗ്രസ് പ്രവർത്തകർ പിന്തുണ നൽകി ഒപ്പം ചേർന്നിട്ടുണ്ട്. എന്നാൽ വികലാംഗ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 'മസ്റ്ററിങ്' നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും അത് പൂർത്തീകരിച്ചാൽ വികലാംഗ പെൻഷൻ നൽകും എന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. നൽകാനുള്ള പെൻഷൻ കുടിശികയായി തന്നെ നൽകും എന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.