പാലക്കാട്: 2018ൽ വൈദ്യുതിമന്ത്രിയെയും നിയമസഭയെയും അവഹേളിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെൻഷനിൽ നിന്ന് പ്രതിമാസം 500 രൂപ വീതം പിഴ ഈടാക്കാൻ അഞ്ച് വർഷത്തിന് ശേഷം പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്.

ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി.എ ആയി സേവനമനുഷ്ഠിച്ചിരുന്ന വി.പി. മുഹമ്മദാലിക്കാണ് വിരമിച്ച് രണ്ട് വർഷത്തിന് ശേഷം ശിക്ഷ നടപടി എത്തിയത്.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇദ്ദേഹത്തിൽ നിന്ന് 3000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിന് പുറമെയാണ് 500 രൂപ സ്ഥിരമായി പെൻഷനിൽ നിന്ന് ഈടാക്കാൻ ഉത്തരവായത്. 2018 നവംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.