- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ജീവനക്കാരുടെ പെൻഷൻ വിതരണം വൈകുന്നു; പെൻഷൻ പരിഷ്കരണവും നടപ്പാക്കുന്നില്ല; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറം
തിരുവനന്തപുരം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാർക്ക് പെൻഷൻ കൃത്യമായി ലഭിക്കുന്നില്ല. പെൻഷൻ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമ്പോഴാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. പതിവ് പോലെ ഈ മാസവും പെൻഷൻ മുടങ്ങിയിരിക്കുകയാണ്. പെൻഷൻ വിതരണം എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിലും മേലധികാരികൾക്ക് ഉറപ്പില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറം തീരുമാനിച്ചിരിക്കുന്നത്. മെയ് 6 മുതൽ സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഓഫിസിന് മുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പെൻഷൻ പരിഷ്‌കരണം വൈകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. നേരത്തെ, പത്തുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധവുമായി ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറം രംഗത്തെത്തിയിരുന്നു. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. പത്ത് ലക്ഷം രൂപ വരെ പെൻഷൻ ആനുകൂല്യം മുടങ്ങിയവരുണ്ടെന്നാണ് സൂചന. എന്നാൽ സമരം ചെയ്തിട്ടും സർക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാതായതോടെ വലിയ പ്രതിസന്ധിയാണ് വിരമിച്ച ജീവനക്കാർ നേരിടുന്നത്. 2015 ശേഷം ആനുകൂല്യം കിട്ടാത്തവരാണ് പരാതിയുമായി രംഗത്തിലെത്തുന്നവരിൽ ഏറെയും.
വിഷയത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. ഇത്രയും വർഷമായിട്ടും ആനുകൂല്യങ്ങൾ നൽകാനാകാത്തത് വരുമാനം ഇല്ലാത്തതിനാലാണെന്നാണ് സർക്കാരിന്റെ വിശദീകരണം. 2012 മുതൽ ബോർഡിൽ പ്രസന്ധിയുണ്ടാകുന്ന സൂചനകൾ ഉണ്ടായിരുന്നതായാണ് ജീവനക്കാർ പറയുന്നത്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും വേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിക്കാത്തതാണ് ബോർഡ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണമായതെന്നും ആക്ഷേപമുണ്ട്. വായ്‌പ്പകൾ എഴുതി തള്ളിയതടക്കം 283 കോടി രൂപയാണ് സർക്കാർ ബോർഡിന് നൽകാനുണ്ടായിരുന്നത്. ഇതിൽ 97.84 കോടി രൂപ നൽകാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു. ബാക്കി കുടിശ്ശികയുള്ളത് 185.32 കോടി രൂപയാണ്. ഇതിൽ 5 കോടി രൂപ അനുവദിച്ച് സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു.
വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാത്തത് വലിയ അനീതിയാണ്. ഇതിൽ സർക്കാർ ഇടപെടുക തന്നെ വേണം. എന്നാൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ബോർഡ് കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധി ബോർഡ് നേരിടേണ്ടി വരുമെന്നും ജീവനക്കാർ പറയുന്നു. എല്ലാ ബഡ്‌ജറ്റിലും ബോർഡിനായി വാഗ്‌ദാനങ്ങലുണ്ടാവാറുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ലെന്നും കൃത്യമായ ശമ്പള പരിഷ്‌കരണമോ, പെൻഷൻ ആനുകൂല്യങ്ങളോ ഭവന നിർമ്മാണ ബോർഡിനില്ലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും ജീവനക്കാർ പരാതി നൽകിയിരുന്നു. വോട്ട് ബഹിഷ്കരിക്കുമെന്ന തീരുമാനം അറിയിച്ചിട്ടും സർക്കാർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.