കൊച്ചി: കേരള സർക്കാർ പദ്ധതിയായ പീപ്പിൾസ് റസ്റ്റ് ഹൗസ് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിക്കുവാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുന്നത്. ഇതോടെ സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി ഈ കെട്ടിടങ്ങളുള്ളത്. ഒക്ടോബർ 19 മുതൽ ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസ് സഞ്ചാരികൾക്കായി തുറന്നുനൽകുമെന്ന് മന്ത്രി അറിയിച്ചു.

പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിൽ നിന്നുള്ള വരുമാനം 19 കോടിയിലേക്ക് എത്തി. സംസ്ഥാനത്തെ 156 റസ്റ്റ്ഹൗസുകളിലായി മൂന്ന് വർഷത്തിനിടെ 30,41,77 ബുക്കിങ്ങാണ് ലഭിച്ചത്. 18,333,7700 കോടി രൂപയുടെ വരുമാനവും നേടാൻ സർക്കാരിനായി.

പദ്ധതിയുടെ കീഴിൽ സംസ്ഥാനത്താകെ വിവിധ റസ്റ്റ് ഹൗസുകളിലായി കോട്ടേജുകൾ ഉൾപ്പെടെ 1200 മുറികളാണുള്ളത് നിലവിലുള്ളത്. കൂടാതെ 256 മുറികളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇവ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2021 നവംബർ 1നാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറിയത്.